പാലക്കാട്: അതിജീവിച്ചത് തോല്‍വികള്‍ തുടര്‍ക്കഥയായ നാളുകളെ. സ്വന്തമാക്കിയത് മൂന്നുകോടിരൂപ വാര്‍ഷിക വിറ്റുവരവുള്ള വ്യവസായസ്ഥാപനത്തെ. നാലുസംസ്ഥാനങ്ങളില്‍ വിപണനം. അഞ്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി. പത്താംക്ലാസ് കടമ്പ കടന്നില്ലെങ്കിലും ജീവിതത്തിന്റെ സര്‍വകലാശാലയില്‍ പാലക്കാട്ടുകാരി അര്‍സാദിന് ഒന്നാംറാങ്കു തന്നെ.

കൂലിപ്പണിക്കാരായ ഉമ്മയും ബാപ്പയും. ഇളയവരായ ഏഴുപേരുടെ കാര്യംനോക്കി, പാടത്ത് പണിയും കഴിഞ്ഞാണ് അര്‍സാദിന് പഠിക്കാന്‍ സമയംകിട്ടുക. ഇംഗ്ലീഷില്‍ അഞ്ചുമാര്‍ക്കിന്റെ കുറവില്‍ പത്താംക്ലാസ് പരീക്ഷയില്‍ തോറ്റു. അവിടെ പഠിപ്പുതീര്‍ന്നു. ജീവിക്കാന്‍വേണ്ടി ഒരു തൊഴില്‍ തുടങ്ങിയപ്പോള്‍ നഷ്ടക്കണക്കുകള്‍ പിന്നെയും തോല്‍പിച്ചു.


സങ്കടം ശീലമായെങ്കിലും സ്വന്തംകാലില്‍ നില്‍ക്കണമായിരുന്നു. ജീവിക്കാന്‍ പണം വേണം. തോറ്റുകൊടുക്കില്ലെന്നായിരുന്നു വാശി. ആ ഉറപ്പും അതിനുവേണ്ടിയുള്ള അധ്വാനവും അര്‍സാദിനെ ജീവിതത്തില്‍ ജയിപ്പിച്ചു. മുന്നൂറുതരം സോപ്പുകളും ആയുര്‍വേദ, സൗന്ദര്യ വസ്തുക്കളും നിര്‍മിക്കുന്ന 'ഹാപ്പി ഹെര്‍ബെല്‍സ്' എന്ന കമ്പനിയുടെ ഉടമയാണ് അര്‍സാദ്. വിദേശത്തേക്കുള്ള കയറ്റുമതിക്കുപുറമേ, ഓണ്‍ലൈന്‍ വില്‍പനയും നടത്തുന്നത് പണ്ട് പത്തില്‍ത്തോറ്റ അതേ അര്‍സാദാണ്.

പയ്യലൂരിന് സമീപമാണ് അര്‍സാദിന്റെ വീട്. നാട്ടിലെ വായനശാലയിലുള്ള റേഡിയോപരിപാടിയില്‍ 'ഗാന്ധിജി യുവസംഘടന സോപ്പുനിര്‍മാണത്തില്‍ സൗജന്യപരിശീലനം നടത്തുന്നു' എന്ന വിവരം കേട്ടതാണ് വഴിത്തിരിവായത്.



അങ്ങനെ  സോപ്പുനിര്‍മാണം പഠിക്കാന്‍ പയ്യലൂരില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള മുതലമടയിലെ പോത്തംപാടത്തെത്തി. സ്വദേശിപ്രസ്ഥാനത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അതും ജീവിതത്തില്‍ പകര്‍ത്തി. ഒരേമനസ്സുള്ള പത്തുപേര്‍ചേര്‍ന്ന് ഗാന്ധിജി യുവസംഘടനയുടെ യൂണിറ്റ് തുടങ്ങി. സോപ്പും ചന്ദനത്തിരിയും നിര്‍മിച്ചുവിറ്റു. ആരും വാങ്ങാനില്ലാതായതോടെ ഒപ്പമുള്ള എട്ടുപേര്‍ വരവുനിര്‍ത്തി.
ബാക്കിയായത് അര്‍സാദും ആറുമുഖനും. നഷ്ടത്തിലായ സോപ്പുനിര്‍മാണം തുടരണമെന്ന് അര്‍സാദ് ഉറപ്പിച്ചു. ആറുമുഖന്‍ പിന്തുണച്ചു. 1997 ഓഗസ്റ്റ് 15-ന് ഒരു സോപ്പുനിര്‍മാണയൂണിറ്റ് വീണ്ടും തുടങ്ങി. നഷ്ടത്തില്‍ത്തന്നെ മുന്നോട്ടുപോയി.

ഒപ്പമുണ്ടായിരുന്ന ആറുമുഖന്‍ 2002-ല്‍ പാലക്കാട്ടെ പ്ലാച്ചിമടസമരമുള്‍പ്പെടെയുള്ള ജനകീയപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍പോയി. അങ്ങനെ മൂന്നുവര്‍ഷം വീണ്ടും ഒറ്റയ്ക്ക്. ഒരുദിവസം 100 സോപ്പുണ്ടാക്കും. വില്‍ക്കുന്നതിനായുള്ള കാര്യങ്ങളും അര്‍സാദ്തന്നെ ചെയ്യും. ആറുമുഖന്‍ ഇടയ്ക്ക് സഹായത്തിനെത്തും. ആ ഒരുമ ജീവിതത്തിലേക്കും നീണ്ടു. 2006-ല്‍ പ്രണയവിവാഹത്തോടെ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നു. പ്രതിസന്ധികളിലൊന്നും തളര്‍ന്നില്ല.

സോപ്പുനിര്‍മാണവും വ്യവസായത്തിലെ കഷ്ടപ്പാടുകളും പിന്നെയും തുടര്‍ന്നു. പതുക്കെപ്പതുക്കെ ലാഭംവന്നു. സോപ്പുകളുടെ തരങ്ങള്‍ രണ്ടില്‍നിന്ന് 300 ആയി. ഓരോ രാജ്യങ്ങളിലും വേണ്ട സുഗന്ധങ്ങളെക്കുറിച്ച് പഠിച്ച് അതനുസരിച്ച് കയറ്റുമതി തുടങ്ങി. 35 പേരെ ജോലിക്കുവെച്ചു. എല്ലാ ജില്ലകളിലും വിതരണക്കാരായി. മുതലമട പോത്തംപാടത്ത് സ്വന്തമായി വീടും കമ്പനിക്കെട്ടിടവുമായി. ആറുമുഖന്‍ പത്തിച്ചിറയുടെ ഭാര്യ, അഭിനവിന്റെയും ആഷിതയുടെയും അമ്മ, അതിലൊക്കെ ഉപരി ജീവിതം ജയിച്ച ഒരു പെണ്ണ്... 39-ാം വയസ്സില്‍ ജീവിതത്തെ നോക്കുമ്പോള്‍  സന്തോഷവും അഭിമാനവും മാത്രം.

Source : http://www.mathrubhumi.com/women/specials/womens-day-2017/a-day-in-the-life-of/arsad-happy-herbals-owner-1.1780654